ഭൂ പ്രകൃതി കൊണ്ട് വിശാലമായ പനച്ചമൂട് മേഖല, പന്ത മുതൽ തുടങ്ങി പൊഴിയൂർ വരെ ഏകദേശം 40 കിലോമീറ്റർ ചുറ്റളവിൽ വിശാലമായി സ്ഥിതി ചെയ്യുന്നു.
രണ്ട് താലൂക്കുകളുടെ ഭാഗങ്ങൾ ഇഴചേർന്നു കിടക്കുന്ന ഈ മേഖല, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും, ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും, പ്രധാനപ്പെട്ട ഒരു മേഖലയാണ്. 1984 ലാണ് ഈ മേഖല രൂപീകൃതമായത്.
കുന്നും മലയും, കാടും മേടും, പുഴയും അരുവിയും, നിറഞ്ഞ മലയോര മനോഹാരിത ഒരു വശത്തുള്ളപ്പോൾ പാരാവാരം പോലെ പരന്നുകിടക്കുന്ന മഹാസമുദ്ര ജലപ്രവാഹങ്ങളും, തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും നഗരവീഥികളും എല്ലാം നമുക്കെന്നും അഭിമാനകരമായി നിലകൊള്ളുന്നു.
കേരളത്തിലെ രണ്ടാമത്തെ വലിയ അതിർത്തി ചെക് പോസ്റ്റായ തലസ്ഥാന ജില്ലയിലെ അമരവിളയും, മലഞ്ചരക്ക് വ്യാപാര മേഖലയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന പനച്ചമൂടും, തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാമിൻറെ കുളിരേറ്റുകിടക്കുന്ന പന്തയും, കേരളത്തിലെ തെക്കൻ പ്രദേശത്തിന്റെ പ്രധാന തീരദേശ മേഖലയായ പൊഴിയൂറും എല്ലാം ജനഹൃദയങ്ങളിൽ എന്നും വിസ്മയമാണ്.
ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ തമിഴ്നാട് സംസ്ഥാനവും കേരളവും കൈകോർക്കുന്ന ഒരു മേഖലയാണിത് എന്നത് പനച്ചമൂട് മേഖലയുടെ മാറ്റുകൂട്ടുന്നു.
പ്രഗൽഭരായ പണ്ഡിതന്മാരാൽ സമ്പന്നമായ ഈ മേഖലയിലെ ഓരോ ഉസ്താദുമാരും അവരുടെ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തിരിക്കുകയാണ്. ഈ പ്രസ്ഥാനത്തിൻറെ ഉന്നതി മാത്രം ലക്ഷ്യമാക്കി അവർ പ്രവർത്തിക്കുന്നു. അല്ലാഹു ഈ കെട്ടുറപ്പും മാനസിക ഐക്യവും എന്നും നിലനിർത്തട്ടെ.